Thursday, January 27, 2011

പ്രീഡിഗ്രി -ലാസ്റ്റ് ബാച്ച്

2001 - ല്‍ പ്രീ-ഡിഗ്രി എന്ന ഒരു സുന്ദരമായ കാലഘട്ടം അവസാനിച്ചു.അവസാന ബാച്ചില്‍ പഠിക്കുവാന്‍ ഭാഗ്യം കിട്ടിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഞാന്‍.
യുണിഫോര്‍മില്‍ നിന്ന് മാറി വര്‍ണച്ചിറകുകള്‍ മുളയ്ക്കുന്ന കാലം... സമരം ധര്‍മമായെടുത്തിരുന്ന സനാതന ധര്‍മ്മ കലാലയത്തിലെയ്ക്ക് എന്റെ വീട്ടില്‍ നിന്ന് 3 -ആം തലമുറയുടെ പ്രതിനിധിയായി ഞാന്‍ കടന്നു ചെന്നു.
നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ചുവപ്പ് നിറത്തിലും ,വെള്ള നിറത്തിലും ,നീല നിറത്തിലും ,കാവിയിലും ഉള്ള ബാനറുകള്‍ ..

78 പേര്‍ ഉള്ള ഞങ്ങളുടെ ക്ലാസ്സില്‍, അത്രയും പേര്‍ ക്ലാസ്സില്‍ ഒരുമിച്ച് വന്നത് ഫസ്റ്റ് ഇയര്‍ ന്റെ ഫസ്റ്റ് ഡേ മാത്രമാണ്. തെറ്റിദ്ധരിക്കരുതേ .. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവര്‍ പോയത് സിനിമ തീയറ്ററിലേയ്ക്ക് അല്ല. എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലെയ്ക്ക് ആയിരുന്നു.ഏറ്റവും ക്ലാസ്സ്‌ കട്ട്‌ ചെയ്ത കുട്ടിക്ക് മെഡിസിനു ആദ്യ 100 - ല്‍ റാങ്ക് കിട്ടി.

വരാന്‍ പോകുന്ന election മുന്‍ നിര്‍ത്തി എല്ലാ പാര്‍ട്ടിക്കാരും ഫസ്റ്റ് ഇയര്‍ ക്ലാസ്സില്‍ കയറി ഇറങ്ങും. 1 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന(ക്യുബയും ,പോളണ്ടും.,ചൈനയും എല്ലാം ഉള്‍പ്പെടുന്ന ) വാചക കസര്‍ത്തിനൊടുവില്‍ ഒരു പാട്ടോ ,മിമിക്രിയോ ഉണ്ടാവും... പാട്ട് ഏഷ്യാനെറ്റ്‌ വോയിസ്‌ ഓഫ് ദി വീക്ക്‌ ഫൈനലിസ്റ്റ് വക... മിമിക്രി ഒരു കുട്ടി ഫിലിം സ്റ്റാര്‍ വക....

election ന്റെ കാര്യം പറയണോ ... ദേ ഇത് പോലെ തന്നെ .. ഇവിടെ ക്ലിക്ക് ചെയ്യൂ

2 വര്‍ഷത്തിനുള്ളില്‍ പോലീസിന്റെ അടി ലൈവ് ആയി എത്ര കണ്ടിരിക്കുന്നു. പ്രീഡിഗ്രി കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടേ ചേട്ടന്മാര്‍ തല്ലുണ്ടാക്കൂ ..

ജാഥകളില്‍ രക്ത വര്‍ണ ശുഭ്ര പതാകയേന്തി നടക്കുന്ന സീനിയര്‍ ചേട്ടന്മാര്‍ election ന്റെ അന്ന് രാവിലെ കുളിച്ചു കുറി തൊട്ടു അമ്പലത്തിലെ പ്രസാദവുമായി വരുന്നത് ...
കോളേജ് union ഉദ്ഘാടനം .ഇത് പോലെ ..ഇവിടെ ക്ലിക്ക് ചെയ്യൂ
നീളന്‍ വരാന്തകളിലൂടെയുള്ള റൌണ്ട്സ് ... ഡോക്ടര്‍മാര്‍ ഇത്ര റൌണ്ട്സ് നു പോകുന്നുണ്ടാവില്ല ..
പ്രിന്‍സിപ്പല്‍ ന്റെ റൂമിന് തൊട്ടടുത്തായി ഒരു റൂം ഉണ്ട് .റൂം നമ്പര്‍ 36 .. അവിടെയാണ് ലഞ്ച് ബ്രെയ്ക്കില്‍ ഇണക്കിളികള്‍ പ്രണയ സല്ലാപത്തിനെത്തുന്നത് ...
ലൈബ്രറി .. എന്റെ സ്വന്തം സ്ഥലം ... ലൈബ്രറി കാര്‍ഡ്‌ എന്റെ വീട് കണ്ടിട്ടേ ഇല്ല .. ഓരോ ബുക്ക് കിട്ടുമ്പോഴും എന്റെ മുഖത്തെ ആക്രാന്തം കണ്ടു ലൈബ്രറിയിലെ ചേച്ചിയുടെ മുഖത്ത് വിരിയുന്ന ചിരി....
കാന്റീനിലെ ചായയും പരിപ്പുവടയും.
ഒരിക്കലും മടുക്കാത്ത ലാംഗ്വേജ് ക്ലാസുകള്‍...
അവസാന ബാച്ച് ആയതു കൊണ്ട് ലാബ്‌ എക്സാം ടീച്ചേര്‍സ് ന്റെ സഹായത്തോടു കൂടിയായിരുന്നു. zoology എക്സാംനു ഏറ്റവും നല്ല പാറ്റ... botony എക്സാം നു ചെടിയുടെ തണ്ട് തോരന്‍ പോലെ അരിഞ്ഞോണ്ടിരുന്ന എനിക്ക് അവിടെ നിന്ന സര്‍ കറക്റ്റ് section എടുത്തു തന്നു . ജീവിതത്തിലാദ്യമായി കെമിസ്ട്രിക്ക് കറക്റ്റ് റിസള്‍ട്ട്‌ കിട്ടി. ഇടതു വശത്ത ടീച്ചറും വലതു വശത്ത് ലാബ്‌ assistent ഉം നിന്ന് ഹെല്പ് ചെയ്തു.
തിയറി എക്സാം മാത്രം സ്വന്തം കയ്യില്‍...

ഒടുവില്‍ എല്ലാം കഴിഞ്ഞു ,ആ കലാലയ മുത്തശ്ച്ചനോട് വിട ചൊല്ലി, ജീവിതം പടുത്തുയര്‍ത്താന്‍ പ്രൊഫഷണല്‍ കോളേജില്‍ ചേക്കേറിയപ്പോള്‍ ഒരു ആര്‍ട്സ് കോളേജ് ജീവിതത്തിന്റെ വിലയറിഞ്ഞു...
ആ വര്‍ണ ശബളമായ കാലത്തിന്റെ ഇത്തിരി മധുരം നുണയാന്‍ പറ്റിയ ചാരിതാര്‍ത്യത്തോടെ .......

Tuesday, January 18, 2011

അങ്ങനെ വീണ്ടും ഞാന്‍ ...........

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച ...

അങ്ങനെ പുളകന്‍ പൊട്ടക്കുളത്തില്‍ കിംഗ്‌ കോബ്ര ആയി.

ആ സുദിനം വന്നെത്തി .. inter -college ഫെസ്റ്റ് - രാഗം ഫെസ്റ്റ് . NIT കാലിക്കറ്റ്‌ ക്യാമ്പസ്‌ ആണ് venue .

കോളേജില്‍ ഞാന്‍ കു ആന്‍ഡ്‌ സു പ്രസിദ്ധ അല്ലാതിരുന്നത് കൊണ്ടും.. നിദ്രയാണെന്‍ ജീവിത ലക്ഷ്യമെന്നു ഉറച്ചു വിശ്വസിച്ചു ക്ലാസ്സിലും ഹോസ്റ്റലിലും ഉറക്കം തൂങ്ങി ജീവിച്ചത് കൊണ്ടും .. ആര്‍ക്കും ഞാന്‍ ഒരു ശല്യമേ ആരുന്നില്ല.. അത് കൊണ്ട് തന്നെ എനിക്കും ആരെയും അറിയുമാരുന്നില്ല.. ആകെ കോളേജിന്റെ ചെയര്‍ പെര്‍സണ്‍ ചേച്ചിയെ ദൂരേന്നു കണ്ടു പരിചയമുണ്ട്.

ഒരു ഭയം ..അറിയാത്ത സ്ഥലം .. അതും അറിയാത്ത പണിക്ക് ..

തലേ ദിവസം ആ ചേച്ചിയെ കണ്ടു കരഞ്ഞു കാലു പിടിച്ചു.. അറിയാതെ പറ്റിയ അബദ്ധം ആണ് .. ഇനി ഇതാര്‍വത്തിക്കില്ല എന്നൊക്കെ പറഞ്ഞു നോക്കി . ആര് കേള്‍ക്കാന്‍..വീണ്ടുംപുളകന്‍ പൊട്ടക്കുളത്തില്‍ കിംഗ്‌ കോബ്ര ... കോളേജിന്റെ അഭിമാനം എന്റെ കയ്യില്‍ ആണെന്ന് വരെ ചേച്ചി പറഞ്ഞു കളഞ്ഞു. ഒരു ചെയര്‍ പെര്‍സണ്‍ ആണ് പറയുന്നതെന്നൊര്‍ക്കണം.മനസില്ലാമനസോടെ ഞാനും സമ്മതിച്ചു.

കോളേജില്‍ നിന്ന് പോകുന്നത് മുതല്‍ ഹോസ്റ്റലില്‍ തിരിച്ചെത്തും വരെ എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചോളാം എന്നുറപ്പും തന്നു..

കോളേജ് ടീമിലുള്ള എല്ലാവരെയും ചേച്ചി പരിചയപ്പെടുത്തി തന്നു. ആദ്യ ദിവസം എനിക്ക് പരിപാടിയൊന്നും ഇല്ലാത്തതു കൊണ്ട് ഞാന്‍ ചേച്ചിയുടെ നിഴലായ് കറങ്ങി നടന്നു. രണ്ടാമത്തെ ദിവസം .. മലയാളം കഥാ രചന ഓപ്പണ്‍ event ആണ്.ഏതു മരച്ചുവട്ടില്‍ പോയിരുന്നു വേണേലും എഴുതാം . 3pm നു അവിടെത്തിക്കണമെന്നു മാത്രം .

ടോപ്പിക്ക് കിട്ടി . " എന്റെ ഹൃദയം ജെറീക്കൊവിലെ റോസാ പുഷ്പമാണ്... കസാന്‍സാക്കിസ് " ..

എന്ത് ജെറീക്കോ .. ഏതു കസാന്‍സാക്കിസ് ... ഞാന്‍ എന്റെ കൂടെ വന്നവരുടെ മുഖത്തേയ്ക്ക് നോക്കി. അവര്‍ എന്റെ മുഖത്തേയ്ക്കും... ബുജി ലുക്ക്‌ ഉള്ള മഹേഷ്‌ ചേട്ടന്‍ താടി ഉഴിഞ്ഞു കൊണ്ട് " ഒരു എഴുത്തുകാരന്‍ ആണെന്ന് തോന്നുന്നു. " . ഒരു മനുഷ്യനും ഇതാരാണെന്ന് പിടിയില്ല. ചേച്ചി സമാധാനിപ്പിച്ചു. അറിയാവുന്നത് എഴുതിയാല്‍ മതി. അല്ലേലും അറിയന്മേലാത്തതും എഴുതാന്‍ ഇത് university എക്സാം അല്ലല്ലോ ....

എന്തൊക്കെയോ എഴുതിക്കൂട്ടി . 3 pm ആകും വരെ ഗ്രൂപ്പ്‌ ഡാന്‍സ് ടീം ന്റെ പാട്ട് ഓപ്പറേറ്റര്‍ ആയി ടേപ്പ് ഓണ്‍/ഓഫ്‌ ചെയ്തു. പിറ്റേ ദിവസം റിസള്‍ട്ട്‌ വന്നു.പ്രതിക്ഷിച്ച പോലെ തന്നെ സ്വാഹാ ...
ഫ്യുസ് പോയ പോലെ നടന്ന എന്നെ ചേച്ചി വീണ്ടും സമാധാനിപ്പിച്ചു. മലയാളം കവിതാ രചന. അതും ഓപ്പണ്‍ event ആണ്.
ചേച്ചിക്ക് ഓഫീസില്‍ നിന്ന് ഒരു ഫാക്സ് വരാന്‍ ഉണ്ട് . അതിനടുത്താണ് ഈ event നടക്കുന്നത്. ആരുടെയൊക്കെയോ കയ്യില്‍ നിന്ന് ചേച്ചി പേപ്പറും പേനയും സംഘടിപ്പിച്ചു തന്നു. ടോപ്പിക്ക് കിട്ടി ." കാലത്തിന്റെ മാറ്റൊലി" . താഴെ നല്ല കിടിലന്‍ DJ പാര്‍ട്ടി നടക്കുന്നു. " ഓഓ ഹം ദം സോനിയോരേ" ......

നദികളിലെ അനധികൃധ മണല്‍ വാരല്‍ പ്രശ്നമായിരിക്കുന്ന കാലമായിരുന്നു അത്.

ഇന്ന് നദിക്കു വില പറയുന്നവര്‍ നാളെ അമ്മയുടെ മുലപ്പാലിനും വില പറയും .. എന്നൊരു ആശയം മനസിലുണ്ടാരുന്നു.. അതിനെ കാലത്തിന്റെ മാറ്റൊലിയുമായി കണക്ട് ചെയ്തു . അര മണിക്കൂറിനുള്ളില്‍ ഞാന്‍ എഴുതിക്കഴിഞ്ഞു.ചേച്ചിക്ക് ഇനിയും ഫാക്സ് വന്നിട്ടില്ല. ഞാന്‍ എഴുതിയതിയതൊക്കെ വേറെ പേപ്പര്‍ എടുത്ത് ഭംഗിയായി എഴുതാന്‍ തുടങ്ങി.

അപ്പോള്‍ ഒരു ചെക്കന്‍ ഒരു 10 ഷീറ്റ്‌ പേപ്പറും കൊണ്ട് ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. ഡസ്ക് കുലുക്കിക്കുലുക്കി അവന്‍ കവിതയെഴുത്ത് തുടങ്ങി. എനിക്കാകെ ഒരു പേപ്പര്‍ ന്റെ ഒരു സൈഡില്‍ എഴുതാനുള്ള കവിതയേ ഉള്ളു. ഇവന്‍ പത്താമത്തെ പേപ്പറും കഴിയാറായി.ഇവന് ഒരു ജ്ഞാനപീഠം കിട്ടാനുള്ള scope ഉണ്ട് .

എന്തായാലും എഴുതിയത് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

അന്ന് വൈകിട്ട് രാഗം ഫെസ്റ്റ് അവസാനിക്കുകയാണ്.. 5 pm ആയി. ഞങ്ങള്‍ പങ്കെടുക്കുന്ന എല്ലാ event ഉം കഴിഞ്ഞു.റിസള്‍ട്ട്‌ അറിഞ്ഞു . ഇത് വരെ ഞങ്ങളുടെ കോളേജ് നു prize ഒന്നും കിട്ടീട്ടില്ല. മലയാളം കവിതാ രചന യുടെ റിസള്‍ട്ട്‌ അറിഞ്ഞിട്ടില്ല. അതറിയാന്‍ നില്‍ക്കണോ എന്ന് ചേച്ചി എന്നോട് ചോദിച്ചു.അത് വേണോ എന്നൊരു നോട്ടം ഞാന്‍ തിരിച്ചും നോക്കി. അങ്ങനെ ഞങ്ങള്‍ അവിടം വിട്ടു.

ഞാന്‍ എന്റെ പഴയ ജീവിതത്തിലേയ്ക് തിരിച്ചെത്തി.. ആറു മാസം കഴിഞ്ഞു . ഒരു ദിവസം എന്റെ ഒരു classmate തൃശ്ശൂരുകാരന്‍ എന്നെ തിരക്കി വന്നു. "നീ കവിത എഴുതും എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ ".

ഞാനും അറിഞ്ഞിരുന്നില്ല എന്ന് പറയാന്‍ പോയപ്പോഴെയ്ക്കും അവന്റെ കയ്യില്‍ ഒരു കവര്‍ കണ്ടു രാഗം ഫെസ്റ്റിന്റെ കവര്‍. മലയാളം കവിതാ രചനയ്ക്ക് എനിക്ക് സെക്കന്റ്‌ prize . NIT പഠിക്കുന്ന അവന്റെ കസിന്‍ അവന്റെ കയ്യില്‍ കോളേജില്‍ കൊടുക്കാന്‍ തന്നു വിട്ടതാണ്.

അങ്ങനെ ചക്ക വീണു . മുയല് ചത്തു.

ആ മുയലിനെ ഞാന്‍ എന്റെ resumil ഇപ്പോഴും കൊണ്ട് നടക്കുന്നു.